ജുബ: സൗത്ത് സുഡാനിൽ വിമതസേനയുടെ ആക്രമണത്തിൽ 169 പേർ കൊല്ലപ്പെട്ടു. വിദൂര ഗ്രാമപ്രദേശത്ത് ഞായറാഴ്ചയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ 90 പേർ പ്രദേശവാസികളാണെന്ന് റുവെംഗ് പ്രവിശ്യയിലെ ഇൻഫർമേഷൻ മന്ത്രി ജയിംസ് മണിലോക് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഒട്ടേറെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 90 വിമതരും കൊല്ലപ്പെട്ടു. 23 പേർക്കു പരിക്കേറ്റു. ആക്രമണശേഷം ആയിരത്തിലേറെ പേർ തങ്ങളുടെ ഷെൽട്ടറിൽ അഭയം തേടിയെന്ന് സൗത്ത് സുഡാനിലെ യുഎൻ മിഷൻ (യുഎൻഎംഐഎസ്എസ്) അറിയിച്ചു.
സൗത്ത് സുഡാൻ പ്രസിഡന്റ് സാൽവ കിറിനെ അനുകൂലിക്കുന്ന ഗവൺമെന്റ് സേനയും പ്രതിപക്ഷനേതാവ് റീക് മചാറിനെ അനുകൂലിക്കുന്ന പോരാളികളും തമ്മിൽ സംഘർഷം പതിവാണ്.
മചാറിനെ അനുകൂലിക്കുന്ന സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ്-ഇൻ-ഓപ്പോസിഷൻ ആണ് റുവെംഗ് പ്രവിശ്യയിൽ ആക്രമണം നടത്തിയതെന്നാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ കിർ സർക്കാരിൽ വൈസ് പ്രസിഡന്റായിരുന്നു മചാർ. ക്രിമിനൽ കുറ്റം ചുമത്തിയതിനെത്തുടർന്ന് മചാർ സ്ഥാനഭ്രഷ്ടനായി. തുടർന്ന് ഇയാൾ വീട്ടുതടങ്കലിലായിരുന്നു.
കിറും മചാറും ചർച്ച നടത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടുവരികയായിരുന്നു.